മുട്ടക്കോഴി

 മാനവരാശിക്കി ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം. കുട്ടിക്കാലത്തേയുള്ള അയാളുടെ ഒരു ആഗ്രഹം ആയിരുന്നു അത്. അങ്ങനെ അയാൾ പഠിച്ചു പഠിച്ചു ഒരു ശാസ്ത്രജ്ഞനായി. ത്രിശൂരിനടുത്തുള്ള ഒരു സർവകലാശാലയിൽ അയാൾ ഗവേഷണത്തിൽ ഏർപ്പെട്ടു. രാവും പകലും അയാൾ ഗവേഷണത്തിനായി നീക്കി വച്ചു. “ഇയാൾക്ക് വേറെ പണിയില്ലേ” സഹപ്രവർത്തകർ അയാളെ കളിയാക്കി. അങ്ങനെ അയാൾ വികസിപ്പിച്ചെടുത്തു, ഒരു പുതിയ ഇനം മുട്ടക്കോഴിയെ. 

എല്ലാ ദിവസവും വളരെ അധികം പോഷക സമൃദ്ധമായ മുട്ട ഇടുന്ന ഒരു കോഴി. ഒരാൾ ഒരു ദിവസം ആ കോഴിയുടെ ഒരു മുട്ട കഴിച്ചാൽ പിന്നെ ആ ദിവസം അയാൾ മറ്റൊന്നും കഴിക്കേണ്ടതില്ലപോലും. സർവകലാശാല വാണിജ്യാടിസ്ഥാനത്തിൽ അയാളുടെ കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചു. മുട്ടത്തോടുപൊട്ടിച്ചു “കിയോം കിയോം” എന്ന് പാടിക്കൊണ്ട് സുന്ദരൻമാരും സുന്ദരിമാരും പുറത്തേക്കി ചാടി. വാത്സല്യത്തോടെ ആ കുഞ്ഞുങ്ങളെ നോക്കി നിന്ന അയാളുടെ കണ്ണ് നിറഞ്ഞു. വലിയൊരു ഇരുമ്പ് കൂടും ചുമന്ന് രണ്ട് സർവകലാശാല ജീവനക്കാർ അങ്ങോട്ട് വന്നു. അവർക്കൊപ്പം അയാളുടെ ഒരു സഹപ്രവർത്തകനും. ബാബു നമ്പൂതിരി. അവർ സുന്ദരൻമാരേയും സുന്ദരിമാരെയും ഇനം തിരിക്കാൻ തുടങ്ങി. സുന്ദരൻമാരെ പിടിച്ച് ഇരുമ്പ് കൂട്ടിലാക്കി. “എന്തിനീ ലിംഗ വിവേചനം?” അയാൾ ചോദിച്ചു. “മുട്ടക്കോഴിയുടെ പിടക്കുഞ്ഞുങ്ങൾക്കേ മാർക്കറ്റൊള്ളൂ” ബാബു നമ്പൂതിരി മൊഴിഞ്ഞു. തന്റെ മഹത്തായ കണ്ടുപിടുത്തത്തിൻമേലുള്ള കച്ചവട വൽക്കരണം നോക്കി അയാൾ നെടുവീർപ്പെട്ടു. ലിംഗപരമായ തരം തിരിക്കൽ അവസാനിച്ചു. ഇരുമ്പ് കൂട്ടിൽക്കിടന്ന് സുന്ദരന്മാർ കിയോം കിയോം വിളിച്ചു. പെട്ടന്നാണ് അത് സംഭവിച്ചത്. ഒരു ജീവനക്കാരൻ ഇരുമ്പ് കമ്പിയിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ചു. മറ്റെയാൾ സ്വിച്ച് ഓൺ ചെയ്തു. “നോ…” എന്ന് വിളിച്ചുകൊണ്ട് അയാൾ കൂടിന് നേരെ ഓടി. ബാബു നമ്പൂതിരി അയാളെ വട്ടം പിടിച്ചു. “കിയോം കിയോം” കരഞ്ഞു നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചു. “എന്തിനീ ക്രൂരത?” അയാൾ നമ്പൂതിരിയോട് അലറി. “പൂവൻ കുഞ്ഞുങ്ങളെ ആരും വാങ്ങില്ല” നമ്പൂതിരി നിസംഗതയോടെ മൊഴിഞ്ഞു. “ആർകെങ്കിലും വെറുതെ കൊടുത്തുക്കാമായിരുന്നില്ലേ? കൊല്ലണമായിരുന്നോ? വിതുമ്പിക്കൊണ്ട് അയാൾ ചോദിച്ചു. “ഈ ഇനം കോഴിയുടെ pure breed പുറത്ത് പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്” നമ്പൂതിരി മൊഴിഞ്ഞു. ജീവനക്കാരൻ സ്വിച്ച് ഓഫ് ചെയ്തു. ഇരുമ്പ് കൂടിൽ പിടിച്ചു, ചേതനയറ്റ കുഞ്ഞുങ്ങളെ നോക്കി അയാൾ വിതുമ്പി. തന്റെ ഗവേഷണ വസ്തുക്കളെല്ലാം അയാൾ വലിച്ചുവാരി താഴിക്കിട്ട് അതിന് മുകളിൽ പെട്രോൾ ഒഴിച്ചു. സഹപ്രവർത്തകർക്ക് തടയാൻ കഴിയുന്നതിന് മുൻപ് അയാൾ അതിന് തീകൊളുത്തി. “മാനവരാശി മണ്ണാംകട്ട” ആളിക്കത്തുന്ന തീ നാളങ്ങൾ നോക്കി അയാൾ പിറു പിറുത്തു.

(ഈ കഥയിലെ കോഴിക്കുഞ്ഞുങ്ങൾ സാങ്കൽപ്പികം അല്ല, യാഥാർഥ്യമാണ്.)

Felix Joseph

ranimariamedia@gmail.com


Comments

Popular posts from this blog

Very Good കോഴി

എന്റെ കുട്ടൻ