Very Good കോഴി

എന്നെ നോക്കി അമ്മ പറഞ്ഞു, “നല്ലൊരു കോഴി ആയിരുന്നു. തീറ്റയിട്ടു കൊടുത്താൽ മറ്റ് കോഴികളെല്ലാം തിന്ന് കഴിയാതെ അവൻ ഒരു മണി തൊടില്ല. പ്രത്യേകിച്ച് പിടക്കോഴികള് കഴിക്കാതെ അവൻ ഒന്നും കഴിക്കില്ല.”

“മറ്റ് കോഴികളെപ്പോലെ അവൻ ഒരു സ്ഥലത്തും തെണ്ടിത്തിന്നാൻ പോവില്ല. നമ്മുടെ പത്തു സെന്റിലങ്ങനെ ചുറ്റി നടക്കും”, പൊതുവെ ആരെക്കുറിച്ചും നല്ല അഭിപ്രായം പറയാത്ത എന്റെ അപ്പനും അവനു good certificate നൽകി.

“എന്റെ പെറ്റായിരുന്നു. ഞാൻ അടുത്ത് ചെന്നാൽ ഓടിത്തേയില്ല” എന്റെ പന്ത്രണ്ട് വയസുകാരി മകൾ സ്വതസിദ്ധമായ ശൈലിയിൽ അവളുടെ പക്ഷി സ്നേഹം പ്രകടിപ്പിച്ചു.

കേട്ടപ്പോൾ എനിക്കും വിഷമം തോന്നി. “ഛെ… വേണ്ടായിരുന്നു” ഞാൻ മനസിൽ സ്വയം പറഞ്ഞു.

കോഴിയുടെ എല്ല് കടിച്ച് വലിച്ചുകൊണ്ടു, എന്റെ അനുജന്റെ മകൾ മൂന്നര വയസുകാരി എന്നെ നോക്കി പറഞ്ഞു, “അവനൊരു Very Good കോഴിയായിരുന്നു വല്യപ്പച്ചാ”.

തലയാട്ടികൊണ്ട്‌ എന്റെ അപ്പൻ അവളെ നോക്കിപ്പറഞ്ഞു, “ഊം ഒരു Very Good, വീട്ടില് തീറ്റയിട്ടു കൊടുത്താലും തിന്നില്ല, തെണ്ടിപ്പോയും തിന്നില്ല. അതുകൊണ്ട് ഇരിക്കണ കണ്ടില്ലേ മെലിഞ്ഞു തോലിഞ്ഞ്, എല്ലല്ലാതെ ഒരു തരി ഇറച്ചിയില്ല.”

“നിറുത്തിയിട്ട് കാര്യമില്ല, ഇവൻ തിന്ന് നന്നാവാനൊന്നും പോണില്ല. അതാ തട്ടിയത്.” അമ്മ അപ്പനെ പിന്താങ്ങി.

ഡൈനിങ്ങ് ടേബിളിലിരുന്ന് ഒരെല്ല് ചവച്ച് കൊണ്ട് ഞാൻ അല്പം വ്യസത്തോടെ ചിന്തിച്ചു, “ തെണ്ടിപ്പോകാത്തതും, സ്വയം കഴിക്കാതെ മറ്റുള്ളവർക്ക് നൽകുന്നതും ഒക്കെ ഇന്ന് വലിയ അപരാധങ്ങൾ ആയി മാറിയിരിക്കുന്നുവോ?. ഇവിടെ കുറ്റം ആരുടേതാണ്?. പൂവൻ കോഴിയുടേതോ, അതോ ഞങ്ങളുടേതോ?. ഞങ്ങളുടേതാണെങ്കിൽ തെറ്റുകാരൻ ആരാണ്?. കഴുത്ത് ഞെരിച്ച് കൊന്ന അപ്പനോ?. പപ്പും പൂടയും പറിച്ച അമ്മയോ?. അതോ വെട്ടി നുറുക്കിയ ഞാനോ?.”

ഫെലിക്സ് ജോസഫ്

ranimariamedia@gmail.com


Comments

Popular posts from this blog

മുട്ടക്കോഴി

എന്റെ കുട്ടൻ