എന്റെ കുട്ടൻ

 ആ വീട്ടിൽ പതിനൊന്ന് വയസുകാരന്റെ ആദ്യകുർബാന സ്വീകരണത്തിന്റെ ആഘോഷം നടക്കുകയായിരുന്നു. ആദ്യകുർബാന നൽകിയ അച്ചൻ മദ്യ വിരുദ്ധനായതുകൊണ്ടാണന്ന് തോന്നുന്നു, ബാലിക ബാലന്മാർക്ക് വീഞ്ഞ് നൽകിയില്ല. പിഞ്ചു കുഞ്ഞങ്ങളുടെ രക്തത്തിൽ ആൽക്കഹോൾ കലരരുതെന്ന ആത്മാർത്ഥമായ നിഷ്കളങ്കമായ തികച്ചും സദുദ്ദേശപരമായ മനസോടെ വീഞ്ഞ് മുഴുവൻ പാതിരി ഒറ്റക്ക് കുടിച്ചു. 

“ഈശോയുടെ ശരീരം മാത്രമേ ഉള്ളല്ലോ, രക്തം തന്നില്ലല്ലോ?. രക്ഷ നേടണമെങ്കിൽ ശരീരവും രക്തവും കഴിക്കണമെന്നല്ലേ സിസ്റ്റർ ഞങ്ങളെ പഠിപ്പിച്ചത്” ചില വിരുതന്മാർ ആദ്യകുർബാന സ്വീകരണത്തിന് അവരെ ഒരുക്കിയ കന്യാസ്ത്രീയോട്‌ സംശയം ചോദിച്ചു.  

ആ വീട്ടിലെ മഹിളകൾ മദ്യ വിരുദ്ധ വികാരം അലയടിക്കുന്നവരായിരുന്നു. ആൽക്കഹോൾ അടങ്ങിയ മരുന്ന് പോലും കഴിക്കാത്ത ഒടുക്കത്തെ വിരുദ്ധത. “ഈശോ അന്ത്യ അത്താഴ വേളയിൽ വാഴ്ത്തി എന്റെ രക്തമാണ് നിങ്ങൾ പാനം ചെയ്യ് എന്ന് പറഞ്ഞു ശിക്ഷ്യന്മാർക്ക് നൽകിയത് വീഞ്ഞല്ലേ? പാലല്ലല്ലോ?”, ആ ഒറ്റ ഡയലോഗുകൊണ്ട് ഗൃഹനാഥൻ മാന്യ മഹിളകളുടെ നാവടപ്പിച്ചു. ആ മഹനീയമായ ദിവസം ആ ഭവനത്തിൽ മദ്യം വിളമ്പി. “ഈശോ എന്തുകൊണ്ടാണ് ശിക്ഷ്യന്മാർക്ക് പാല് കൊടുക്കാതെ വീഞ്ഞ് വീഞ്ഞ് കൊടുത്തത്? മമ്മി പ്രസംഗിക്കുന്ന മദ്യ വിരുദ്ധതയിൽ വല്ല കാര്യവും ഉണ്ടോ? ഈശോയെപ്പോലെ ആകണമെങ്കിൽ ഈശോ അടിച്ച വീഞ്ഞും അടിക്കണ്ടേ?” ആദ്യകുർബാനക്കാരൻ നിഗൂഢമായി ചിന്തിച്ചു.

മധ്യവയസ്കൻ ആവശ്യത്തിൽ കൂടുതൽ മദ്യം അകത്താക്കിയിട്ടുണ്ടായിരുന്നു. ആ മാന്യന് ഇനി വീഞ്ഞ് നൽകരുതെന്ന് കൗണ്ടറിൽ നിൽക്കുന്ന ചങ്കുകൾക്ക് ഗൃഹനാഥൻ നിർദ്ദേശം നൽകിയിരുന്നു. ഗൃഹനാഥനും ചങ്കുകളും നടത്തിയ ഈ സംഭാഷണ ശകലം ടിയാൻ കേൾക്കുകയും ചെയ്തു. ടിയാൻ ഗൃഹനാഥന്റെ പിതാവാണെന്ന രഹസ്യം ഇവിടെ പറഞ്ഞുകൊള്ളട്ടെ. 

ഇടറുന്ന കാൽവെയ്പ്പുകളോടെ ടിയാൻ കൗണ്ടറിലേക്ക് നടന്നു. മുണ്ടിനടിയിലെ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു ക്വോട്ടറിന്റെ ഒഴിഞ്ഞ കുപ്പി കൗണ്ടറിൽ വയ്ച്ചു. ഗൃഹനാഥന്റെ ചങ്കുകൾ ചോദ്യ രൂപേണെ ടിയാനെ നോക്കി. കണ്ഠമിടറിക്കൊണ്ട് ടിയാൻ പറഞ്ഞു “കുട്ടന് വേണ്ടിയാണ്. എന്റെ ബെസ്റ്റ് ദോസ്ഥാണ്. ഒരു തുള്ളി കൊടുത്തില്ലെങ്കിൽ കുട്ടൻ പിണങ്ങും”. ചങ്കുകൾ സന്ദേഹത്തോടെ പരസ്പരം നോക്കി. “കുട്ടനോട് ഞാൻ വാക്ക് പറഞ്ഞു പോയടാ മക്കളെ”നിറകണ്ണുകളോടെ ടിയാൻ കേണു. കുലങ്കഷമായ ചർച്ചകൾക്കൊടുവിൽ ചങ്കുകളിൽ ഒരുവൻ ടിയാന്റെ ക്വോട്ടറിന്റെ കുപ്പി നിറച്ചുകൊണ്ട് ചോദിച്ചു “എന്നിട്ട് കുട്ടനെവിടെ?”. കോർക്ക് മുറുക്കി കുപ്പി കളസത്തിന്റെ പോക്കറ്റിലിട്ടുകൊണ്ട് ടിയാൻ പറഞ്ഞു “ഇവിടെത്തന്നെയുണ്ട്”. “എവിടെ?” ചങ്കുകൾ ചുറ്റും നോക്കി. "ഞാൻ എന്നെ സ്വയം വിളിക്കുന്നത് കുട്ടൻ എന്നാണ്” ഇതും പറഞ്ഞു കണ്ണ് തുടച്ചുകൊണ്ട് ടിയാൻ പറമ്പിന്റെ പടിഞ്ഞാറെ മൂലക്കുള്ള മാവിൻചുവട്ടിലേക്ക് നടന്നു.

ഫെലിക്സ് ജോസഫ്


Comments

Popular posts from this blog

Very Good കോഴി

മുട്ടക്കോഴി